കഥകളിലൂടെ മലയാളം പഠിക്കുക
Original article: അമ്മക്കിളിയെ തേടി — StoryMalayalam.com
Section 1: Malayalam Story
അമ്മക്കിളിയെ തേടി — In Search of Mother Bird
പണ്ടു പണ്ടൊരിടത്ത് ഒരു ഗ്രാമത്തിൽ ഒരു മുത്തശ്ശിയമ്മ ജീവിച്ചിരുന്നു. ഒരു ചെറിയ വീട്ടിൽ മുത്തശ്ശിയമ്മ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. മുത്തശ്ശിയുടെ വീടിനോട് ചേർന്നുള്ള പറമ്പിൽ ഒരു ചക്കരമാവുണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ഈ ചക്കരമാവിന്റെ കൊമ്പത്ത് ഒരു കിളി മനോഹരമായ കൂടുണ്ടാക്കി അവിടെ താമസവും തുടങ്ങി. ആ കിളി തനിച്ചായിരുന്നു കൂട്ടിൽ കഴിഞ്ഞിരുന്നത്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിളി മുട്ടയിട്ട് കൂട്ടിൽ അടയിരിക്കാൻ തുടങ്ങി. കിളി തനിക്കാവശ്യമായ ധാന്യമണികളും കരുതി വച്ചിട്ടായിരുന്നു അടയിരിക്കാൻ തുടങ്ങിയത്.
ദിവസങ്ങൾ കടന്നു പോയി. എന്നാൽ പ്രതീക്ഷിച്ച ദിവസങ്ങൾ കഴിഞ്ഞിട്ടും മുട്ട വിരിഞ്ഞില്ല. അവൾ ശേഖരിച്ച് വച്ചിരുന്ന ധാന്യമണികളെല്ലാം തീർന്നു. കിളിയ്ക്ക് വിശപ്പ് സഹിക്കാനായില്ല. അവൾ മനസ്സിൽ പറഞ്ഞു, "എനിക്ക് വിശപ്പ് സഹിക്കാനാവുന്നില്ല. മുട്ട വിരിയാൻ ചിലപ്പോൾ ഇനിയും ദിവസങ്ങളെടുത്തേക്കാം. ഒരു കാര്യം ചെയ്യാം. പെട്ടെന്ന് പോയി എവിടെ നിന്നെങ്കിലും കുറച്ച് ധാന്യമണികളും ശേഖരിച്ച് മടങ്ങാം."
ഇതും പറഞ്ഞ് ആ കിളി കൂട്ടിൽ നിന്നും പറന്നുയർന്നു. എന്നാൽ കിളി പോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും മുട്ടയിൽ ചെറിയൊരു അനക്കം ഉണ്ടായി. ആ മുട്ട പൊട്ടാൻ തുടങ്ങി. അതിൽനിന്നും ഒരു സുന്ദരിയായ കുഞ്ഞിക്കിളി പുറത്തു വന്നു. തന്റെ അമ്മക്കിളിയെ പ്രതീക്ഷിച്ചു ചുറ്റും തിരഞ്ഞ അവൾ അവിടെയെങ്ങും തന്റെ അമ്മയെ കണ്ടില്ല. കുഞ്ഞിക്കിളിക്ക് വിഷമമായി. അവൾ തന്റെ അമ്മയെ അന്വേഷിച്ചു പോകാൻ തന്നെ തീരുമാനിച്ചു.
കുഞ്ഞിക്കിളി തന്റെ കുഞ്ഞു ചിറകുകൾ കൊണ്ട് പറക്കാൻ തുടങ്ങി. എന്നാൽ കുഞ്ഞിക്കിളിയുടെ ചിറകുകൾക്ക് അതിനുള്ള ശക്തി ഉണ്ടായിരുന്നില്ല. അവൾ ഉരുണ്ടു താഴെ വീണു. വീണെഴുന്നേറ്റ കുഞ്ഞിക്കിളി പിന്മാറാൻ തയ്യാറായില്ല. അവൾ തന്റെ അമ്മയെ അന്വേഷിച്ചു നടന്നു.
അങ്ങനെ നടന്ന് കുഞ്ഞിക്കിളി ആദ്യം കണ്ടത് ഒരു പശുവിനെ ആയിരുന്നു. അവൾ പശുവിനോട് ചോദിച്ചു, "നിങ്ങളാണോ എന്റെ അമ്മ?" പശു പറഞ്ഞു, "ഞാനൊരു പശുവാണ്. നിന്റെ അമ്മയല്ല. ഞാൻ നിനക്ക് വേണമെങ്കിൽ കുടിക്കാനായി കുറച്ച് പാൽ തരാം." കുഞ്ഞിക്കിളി പറഞ്ഞു, "എനിക്ക് പാലൊന്നും വേണ്ട. ഞാനെന്റെ അമ്മയെ അന്വേഷിച്ചു വന്നതാണ്."
അടുത്തതായി കുഞ്ഞിക്കിളി കണ്ടത് പുല്ലു തിന്നു കൊണ്ടിരിക്കുന്ന ഒരു ആടിനെയാണ്. ആടിനെ കണ്ടതും കുഞ്ഞിക്കിളി ചോദിച്ചു, "നിങ്ങളെന്റെ അമ്മയാണോ?" ആട് പറഞ്ഞു, "ഞാൻ നിന്റെ അമ്മയല്ല. ഞാനൊരു ആടാണ്. പക്ഷേ നിനക്ക് വേണമെങ്കിൽ ഞാൻ കുറച്ച് നല്ല പച്ച പുല്ല് തരാം." കുഞ്ഞിക്കിളി പറഞ്ഞു, "എനിക്കിപ്പോൾ പുല്ലൊന്നും വേണ്ട. എനിക്ക് എത്രയും വേഗം എന്റെ അമ്മയെ കണ്ടെത്തണം."
കുഞ്ഞിക്കിളി അടുത്തതായി കണ്ടത് ഒരു പന്നിയെ ആയിരുന്നു. ചെളിയിൽ കളിച്ചു കൊണ്ടിരുന്ന പന്നിയോട് കുഞ്ഞിക്കിളി ചോദിച്ചു, "നിങ്ങളാണോ എന്റെ അമ്മ?" പന്നി പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു, "ഞാനൊരു പന്നിയാണ്. നിന്റെ അമ്മയല്ല. നീ വരികയാണെങ്കിൽ നമുക്കീ ചെളിയിൽ ഒരുമിച്ചു കളിക്കാം." കുഞ്ഞിക്കിളി പറഞ്ഞു, "എനിക്കിപ്പോൾ കളിക്കാനൊന്നും സമയമില്ല."
അവൾ വിഷമിച്ച് നടക്കവേ വഴിയിൽ വച്ചു മുത്തശ്ശിയെ കണ്ടു. കുഞ്ഞിക്കിളി മുത്തശ്ശിയോടു ചോദിച്ചു, "എന്റെ അമ്മ നിങ്ങളാണോ?" മുത്തശ്ശി പറഞ്ഞു, "ഞാൻ നിന്റെ അമ്മയല്ല. പക്ഷേ തീർച്ചയായും എനിക്ക് നിന്നെ അമ്മയെ കണ്ടെത്താൻ സഹായിക്കാൻ കഴിയും." മുത്തശ്ശി കുഞ്ഞിക്കിളിയെ തന്റെ കൈയിലെടുത്തു.
മുത്തശ്ശി കുഞ്ഞിക്കിളിയെയും കൊണ്ട് ചക്കരമാവിന്റെ അരികിലെത്തി. അതിനു ശേഷം അവളെ മാവിന്റെ ചില്ലയിലെ കൂട്ടിലേക്ക് വച്ചു. എന്നിട്ട് പറഞ്ഞു, "നീ അല്പസമയം ഇവിടെ കാത്തിരിക്കൂ. നിന്റെ അമ്മ ഉടനെ തന്നെ വരുന്നതായിരിക്കും."
വൈകാതെ തന്നെ അമ്മക്കിളി ധാന്യമണികളുമായി കൂട്ടിൽ തിരിച്ചെത്തി. കുഞ്ഞിക്കിളിയെ കണ്ടു അത്ഭുതപ്പെട്ട അമ്മക്കിളിയോട് കുഞ്ഞിക്കിളി സന്തോഷത്തോടെ പറഞ്ഞു, "എനിക്കറിയാം തീർച്ചയായും നിങ്ങളാണ് എന്റെ അമ്മ." അമ്മക്കിളി പറഞ്ഞു, "അതെ ഞാൻ തന്നെയാണ് നിന്റെ അമ്മ." അമ്മക്കിളി തന്റെ കുഞ്ഞിനെ ആപത്തൊന്നും കൂടാതെ കൂട്ടിൽ തിരിച്ചെത്തിച്ച മുത്തശ്ശിക്ക് നന്ദിയും പറഞ്ഞു. അമ്മക്കിളിയും കുഞ്ഞിക്കിളിയും അങ്ങനെ ഒരുപാട് നാൾ സന്തോഷത്തോടെ ആ കൂട്ടിൽ കഴിഞ്ഞു.
Section 2: Sentence-by-Sentence Translation
| # | Malayalam (മലയാളം) | English Translation |
|---|---|---|
| 1 | പണ്ടു പണ്ടൊരിടത്ത് ഒരു ഗ്രാമത്തിൽ ഒരു മുത്തശ്ശിയമ്മ ജീവിച്ചിരുന്നു. | Long, long ago, in a village, there lived an old grandmother. |
| 2 | ഒരു ചെറിയ വീട്ടിൽ മുത്തശ്ശിയമ്മ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. | The grandmother lived alone in a small house. |
| 3 | മുത്തശ്ശിയുടെ വീടിനോട് ചേർന്നുള്ള പറമ്പിൽ ഒരു ചക്കരമാവുണ്ടായിരുന്നു. | In the yard next to the grandmother's house, there was a sweet mango tree. |
| 4 | ഒരു ദിവസം ഈ ചക്കരമാവിന്റെ കൊമ്പത്ത് ഒരു കിളി മനോഹരമായ കൂടുണ്ടാക്കി. | One day, a bird built a beautiful nest on the branch of this sweet mango tree. |
| 5 | കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിളി മുട്ടയിട്ട് കൂട്ടിൽ അടയിരിക്കാൻ തുടങ്ങി. | After a few days, the bird laid an egg and began to sit on it in the nest. |
| 6 | പ്രതീക്ഷിച്ച ദിവസങ്ങൾ കഴിഞ്ഞിട്ടും മുട്ട വിരിഞ്ഞില്ല. | Even after the expected days had passed, the egg did not hatch. |
| 7 | കിളിയ്ക്ക് വിശപ്പ് സഹിക്കാനായില്ല. | The bird could not bear the hunger. |
| 8 | "പെട്ടെന്ന് പോയി എവിടെ നിന്നെങ്കിലും കുറച്ച് ധാന്യമണികളും ശേഖരിച്ച് മടങ്ങാം." | "Let me quickly go and gather some grains from somewhere and return." |
| 9 | കിളി പോയി കുറച്ചു കഴിഞ്ഞപ്പോഴേക്കും മുട്ടയിൽ ചെറിയൊരു അനക്കം ഉണ്ടായി. | A little while after the bird left, there was a small movement in the egg. |
| 10 | അതിൽനിന്നും ഒരു സുന്ദരിയായ കുഞ്ഞിക്കിളി പുറത്തു വന്നു. | From it, a beautiful baby bird came out. |
| 11 | അവൾ തന്റെ അമ്മയെ അന്വേഷിച്ചു പോകാൻ തന്നെ തീരുമാനിച്ചു. | She decided to go out and search for her mother. |
| 12 | കുഞ്ഞിക്കിളി ആദ്യം കണ്ടത് ഒരു പശുവിനെ ആയിരുന്നു. | The first thing the baby bird saw was a cow. |
| 13 | "നിങ്ങളാണോ എന്റെ അമ്മ?" | "Are you my mother?" |
| 14 | "ഞാനൊരു പശുവാണ്. നിന്റെ അമ്മയല്ല." | "I am a cow. I am not your mother." |
| 15 | അടുത്തതായി കുഞ്ഞിക്കിളി കണ്ടത് ഒരു ആടിനെയാണ്. | Next, the baby bird saw a goat. |
| 16 | "എനിക്ക് എത്രയും വേഗം എന്റെ അമ്മയെ കണ്ടെത്തണം." | "I need to find my mother as quickly as possible." |
| 17 | കുഞ്ഞിക്കിളി അടുത്തതായി കണ്ടത് ഒരു പന്നിയെ ആയിരുന്നു. | Next, the baby bird saw a pig. |
| 18 | വഴിയിൽ വച്ചു നമ്മുടെ മുത്തശ്ശിയെ കണ്ടു. | On the way, she saw our grandmother. |
| 19 | "എനിക്ക് നിന്നെ അമ്മയെ കണ്ടെത്താൻ സഹായിക്കാൻ കഴിയും." | "I can certainly help you find your mother." |
| 20 | മുത്തശ്ശി കുഞ്ഞിക്കിളിയെയും കൊണ്ട് ചക്കരമാവിന്റെ അരികിലെത്തി. | The grandmother took the baby bird and reached near the sweet mango tree. |
| 21 | വൈകാതെ തന്നെ അമ്മക്കിളി ധാന്യമണികളുമായി കൂട്ടിൽ തിരിച്ചെത്തി. | Soon, the mother bird returned to the nest with grains. |
| 22 | "എനിക്കറിയാം തീർച്ചയായും നിങ്ങളാണ് എന്റെ അമ്മ." | "I know for sure you are my mother." |
| 23 | അമ്മക്കിളിയും കുഞ്ഞിക്കിളിയും ഒരുപാട് നാൾ സന്തോഷത്തോടെ ആ കൂട്ടിൽ കഴിഞ്ഞു. | The mother bird and the baby bird lived happily in that nest for a long time. |
Section 3: Vocabulary
| Malayalam | Transliteration | Part of Speech | English Meaning |
|---|---|---|---|
| മുത്തശ്ശി | muthashi | noun | grandmother |
| ഗ്രാമം | gramam | noun | village |
| വീട് | veedu | noun | house |
| പറമ്പ് | parambu | noun | yard, garden plot |
| ചക്കരമാവ് | chakkaramavu | noun | sweet mango tree |
| കൊമ്പ് | kombu | noun | branch |
| കിളി | kili | noun | bird |
| കൂട് | koodu | noun | nest |
| മുട്ട | mutta | noun | egg |
| അടയിരിക്കുക | adayirikkuka | verb | to sit on (eggs), to brood |
| ധാന്യമണി | dhanyamani | noun | grain |
| വിശപ്പ് | vishappu | noun | hunger |
| സഹിക്കുക | sahikkuka | verb | to bear, endure |
| വിരിയുക | viriyuka | verb | to hatch, bloom |
| കുഞ്ഞിക്കിളി | kunjikkili | noun | baby bird |
| അമ്മ | amma | noun | mother |
| അന്വേഷിക്കുക | anveshikkuka | verb | to search for |
| ചിറക് | chiraku | noun | wing |
| പശു | pashu | noun | cow |
| പാൽ | paal | noun | milk |
| ആട് | aadu | noun | goat |
| പുല്ല് | pullu | noun | grass |
| പന്നി | panni | noun | pig |
| ചെളി | cheli | noun | mud |
| സന്തോഷം | santhosham | noun | happiness, joy |
| നന്ദി | nandi | noun | thanks, gratitude |
