കഥകളിലൂടെ മലയാളം പഠിക്കുക
Original article: അപ്പുവിന്റെ വികൃതി — StoryMalayalam.com
Section 1: Malayalam Story
അപ്പുവിന്റെ വികൃതി — The Boy and the River

പണ്ട് പണ്ടൊരു ഗ്രാമത്തിൽ അപ്പു എന്ന് പേരുള്ള മിടുക്കനായ ഒരു കുസൃതിക്കുട്ടി താമസിച്ചിരുന്നു. ആ ഗ്രാമത്തിന്റെ നടുവിലൂടെയായിരുന്നു അതിമനോഹരമായ ഒരു പുഴ ഒഴുകിയിരുന്നത്. പുഴയോരത്തെ വഴിയിലൂടെയായിരുന്നു ദിവസവും അവൻ വിദ്യാലയത്തിലേക്ക് പോയിരുന്നത്. സാധാരണ സമയങ്ങളിൽ വളരെ ശാന്തമായ ആ പുഴ, മഴക്കാലമാകുന്നതോടെ ആകെ മാറും. മഴ പെയ്തു നിറഞ്ഞു കവിയുമ്പോൾ അവിടെ വലിയ കുത്തൊഴുക്കായിരിക്കും.
അങ്ങനെയൊരു മഴക്കാലത്ത് പുഴ നിറഞ്ഞു കവിഞ്ഞ് ഒഴുകുകയായിരുന്നു.
"അപ്പൂ, പുഴയിൽ ഇറങ്ങരുത് കേട്ടോ, നല്ല ഒഴുക്കാണ്!"
എന്ന് അമ്മ അവനെ എപ്പോഴും ഓർമ്മിപ്പിക്കുമായിരുന്നു.
ഒരു ദിവസം സ്കൂൾ കഴിഞ്ഞ് പുഴയോരത്തെ വഴിയിലൂടെ വരികയായിരുന്നു അപ്പു. നിറഞ്ഞൊഴുകുന്ന പുഴ കണ്ടപ്പോൾ അവന് നീന്താനുള്ള ആഗ്രഹം അടക്കാനായില്ല.
"അമ്മ അറിയില്ലല്ലോ, ഒന്ന് മുങ്ങിനിവർന്ന് വേഗം കയറാം."
എന്ന് അവൻ മനസ്സിൽ വിചാരിച്ചു.
അമ്മയുടെ വിലക്കുകളെല്ലാം മറന്ന്, അവൻ തന്റെ പുസ്തകങ്ങളും വസ്ത്രങ്ങളും കരയിൽ വച്ച് ആവേശത്തോടെ പുഴയിലേക്ക് ചാടി. ആദ്യം കരയോട് ചേർന്ന് നീന്തിയ അപ്പുവിന് ഒട്ടും മതിവന്നില്ല. ആ ആവേശത്തിൽ അവൻ പതുക്കെ പുഴയുടെ നടുവിലേക്ക് നീന്തി. അപ്പോഴാണ് പുഴയുടെ യഥാർത്ഥ ഭാവം അവൻ തിരിച്ചറിഞ്ഞത്! പുറമേ കണ്ടതുപോലെയല്ലായിരുന്നു ഉള്ളിലെ അവസ്ഥ; പുഴയ്ക്കുള്ളിൽ അതിശക്തമായ ചുഴികളും കുത്തൊഴുക്കുമുണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട അവൻ പെട്ടെന്ന് വെള്ളത്തിൽ താഴ്ന്നു പൊങ്ങാൻ തുടങ്ങി.
"രക്ഷിക്കണേ! ആരെങ്കിലും ഓടി വരണേ!"
അവൻ ജീവനുവേണ്ടി പിടഞ്ഞുകൊണ്ട് ഉറക്കെ നിലവിളിച്ചു. വെള്ളം കുടിച്ച് ശ്വാസം മുട്ടുമ്പോഴും, സർവ്വ ശക്തിയുമെടുത്ത് അവൻ കരയിലേക്ക് നീന്തിക്കയറാൻ ശ്രമിച്ചു. എന്നാൽ അവന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.
പെട്ടെന്നാണ് കരയിലൂടെ ഒരാൾ നടന്നു പോകുന്നത് അപ്പുവിന്റെ കണ്ണിൽപ്പെട്ടത്. അവസാന പ്രതീക്ഷയോടെ കൈകൾ ഉയർത്തി വീശി അവൻ ഉറക്കെ വിളിച്ചു കൂവി:
"അമ്മാവാ… എന്നെ ഒന്ന് രക്ഷിക്കൂ! ഞാൻ താഴ്ന്നു പോകുന്നേ…!"
പക്ഷേ, ആ മനുഷ്യൻ അവനെ സഹായിക്കാൻ കൈനീട്ടുന്നതിന് പകരം അവിടെനിന്ന് ഉപദേശിക്കാൻ തുടങ്ങി.
"നിനക്ക് ഒട്ടും ബുദ്ധിയില്ലേ കുട്ടീ? ഈ സമയത്ത് പുഴയിൽ ഇറങ്ങുന്നത് എത്ര അപകടമാണെന്ന് നിനക്കറിയില്ലേ? മുതിർന്നവർ പറയുന്നത് കേൾക്കാത്തതുകൊണ്ടല്ലേ നിനക്ക് ഈ ഗതി വന്നത്!"
വെള്ളം കുടിച്ച് ശ്വാസം മുട്ടിക്കൊണ്ടിരുന്ന അപ്പു എങ്ങനെയോ തല പൊക്കി ദയനീയമായി പറഞ്ഞു:
"അമ്മാവാ, എന്നെ ഉപദേശിക്കാൻ ഇനിയും സമയമുണ്ട്! ഇപ്പോൾ ദയവായി എന്നെ ഒന്ന് രക്ഷിക്കൂ… ഇല്ലെങ്കിൽ ഞാൻ മുങ്ങിപ്പോകും."
അവന്റെ വാക്കുകൾ കേട്ടപ്പോൾ അയാൾക്ക് തന്റെ തെറ്റ് മനസ്സിലായി. അദ്ദേഹം ഉടൻ തന്നെ ഉപദേശം നിർത്തി, അടുത്തുള്ള ഒരു വലിയ മരക്കൊമ്പ് ഒടിച്ചെടുത്ത് പുഴയിലേക്ക് നീട്ടിക്കൊടുത്തു. അവൻ അതിൽ മുറുകെ പിടിച്ചു. സർവ്വശക്തിയുമെടുത്ത് അമ്മാവൻ അവനെ വലിച്ച് കരയ്ക്ക് കയറ്റി.
തന്റെ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അപ്പു ആ അമ്മാവന് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു. ഇനിയൊരിക്കലും മുതിർന്നവരുടെ വാക്ക് കേൾക്കാതെ ഇത്തരം അപകടങ്ങളിൽ ചെന്നു ചാടില്ലെന്ന് ഉറച്ചു തീരുമാനിച്ചുകൊണ്ട് അവൻ വേഗം വീട്ടിലേക്ക് മടങ്ങി.
ഗുണപാഠം: ആപത്തിൽ വേണ്ടത് ഉപദേശമല്ല, സഹായമാണ്.
(Moral: In times of danger, what is needed is not advice, but help.)
Section 2: Sentence-by-Sentence Translation
| # | Malayalam (മലയാളം) | English Translation |
|---|---|---|
| 1 | പണ്ട് പണ്ടൊരു ഗ്രാമത്തിൽ അപ്പു എന്ന് പേരുള്ള മിടുക്കനായ ഒരു കുസൃതിക്കുട്ടി താമസിച്ചിരുന്നു. | Long ago, in a village, there lived a clever and mischievous boy named Appu. |
| 2 | ആ ഗ്രാമത്തിന്റെ നടുവിലൂടെയായിരുന്നു അതിമനോഹരമായ ഒരു പുഴ ഒഴുകിയിരുന്നത്. | A very beautiful river flowed through the middle of that village. |
| 3 | പുഴയോരത്തെ വഴിയിലൂടെയായിരുന്നു ദിവസവും അവൻ വിദ്യാലയത്തിലേക്ക് പോയിരുന്നത്. | Every day he would go to school along the path by the riverbank. |
| 4 | സാധാരണ സമയങ്ങളിൽ വളരെ ശാന്തമായ ആ പുഴ, മഴക്കാലമാകുന്നതോടെ ആകെ മാറും. | That usually very calm river would change completely when the rainy season came. |
| 5 | മഴ പെയ്തു നിറഞ്ഞു കവിയുമ്പോൾ അവിടെ വലിയ കുത്തൊഴുക്കായിരിക്കും. | When the rain filled it to overflow, there would be a powerful strong current there. |
| 6 | "അപ്പൂ, പുഴയിൽ ഇറങ്ങരുത് കേട്ടോ, നല്ല ഒഴുക്കാണ്!" | "Appu, don't enter the river, do you hear? The current is very strong!" |
| 7 | നിറഞ്ഞൊഴുകുന്ന പുഴ കണ്ടപ്പോൾ അവന് നീന്താനുള്ള ആഗ്രഹം അടക്കാനായില്ല. | When he saw the river flowing full, he could not suppress his desire to swim. |
| 8 | അമ്മയുടെ വിലക്കുകളെല്ലാം മറന്ന്, അവൻ തന്റെ പുസ്തകങ്ങളും വസ്ത്രങ്ങളും കരയിൽ വച്ച് ആവേശത്തോടെ പുഴയിലേക്ക് ചാടി. | Forgetting all his mother's warnings, he placed his books and clothes on the bank and jumped into the river with excitement. |
| 9 | ആ ആവേശത്തിൽ അവൻ പതുക്കെ പുഴയുടെ നടുവിലേക്ക് നീന്തി. | In that excitement, he slowly swam towards the middle of the river. |
| 10 | പുഴയ്ക്കുള്ളിൽ അതിശക്തമായ ചുഴികളും കുത്തൊഴുക്കുമുണ്ടായിരുന്നു. | Inside the river, there were very powerful whirlpools and strong currents. |
| 11 | നിയന്ത്രണം നഷ്ടപ്പെട്ട അവൻ പെട്ടെന്ന് വെള്ളത്തിൽ താഴ്ന്നു പൊങ്ങാൻ തുടങ്ങി. | Losing control, he suddenly began to sink and struggle to surface in the water. |
| 12 | "രക്ഷിക്കണേ! ആരെങ്കിലും ഓടി വരണേ!" | "Save me! Someone please come running!" |
| 13 | ആ മനുഷ്യൻ അവനെ സഹായിക്കാൻ കൈനീട്ടുന്നതിന് പകരം അവിടെനിന്ന് ഉപദേശിക്കാൻ തുടങ്ങി. | Instead of extending his hand to help him, that man began to lecture him from the bank. |
| 14 | "അമ്മാവാ, എന്നെ ഉപദേശിക്കാൻ ഇനിയും സമയമുണ്ട്! ഇപ്പോൾ ദയവായി എന്നെ ഒന്ന് രക്ഷിക്കൂ… ഇല്ലെങ്കിൽ ഞാൻ മുങ്ങിപ്പോകും." | "Uncle, there is still time to advise me later! Please save me now… otherwise I will drown." |
| 15 | അദ്ദേഹം ഉടൻ തന്നെ ഉപദേശം നിർത്തി, അടുത്തുള്ള ഒരു വലിയ മരക്കൊമ്പ് ഒടിച്ചെടുത്ത് പുഴയിലേക്ക് നീട്ടിക്കൊടുത്തു. | He immediately stopped advising, broke off a large nearby tree branch and extended it into the river. |
| 16 | അവൻ അതിൽ മുറുകെ പിടിച്ചു. | He grabbed it tightly. |
| 17 | സർവ്വശക്തിയുമെടുത്ത് അമ്മാവൻ അവനെ വലിച്ച് കരയ്ക്ക് കയറ്റി. | With all his strength, the uncle pulled him to the safety of the bank. |
| 18 | തന്റെ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അപ്പു ആ അമ്മാവന് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞു. | In the joy of having his life saved, Appu thanked the uncle with a heart full of gratitude. |
| 19 | ഇനിയൊരിക്കലും മുതിർന്നവരുടെ വാക്ക് കേൾക്കാതെ ഇത്തരം അപകടങ്ങളിൽ ചെന്നു ചാടില്ലെന്ന് ഉറച്ചു തീരുമാനിച്ചുകൊണ്ട് അവൻ വേഗം വീട്ടിലേക്ക് മടങ്ങി. | Firmly deciding that he would never again rush into such dangers without listening to the words of elders, he quickly returned home. |
| 20 | ആപത്തിൽ വേണ്ടത് ഉപദേശമല്ല, സഹായമാണ്. | In times of danger, what is needed is not advice, but help. |
Section 3: Vocabulary
| Malayalam | Transliteration | Part of Speech | English Meaning |
|---|---|---|---|
| ഗ്രാമം | grāmam | noun | village |
| കുസൃതി | kusṛti | noun | mischief, naughtiness |
| മിടുക്കൻ | miṭukkan | adjective | clever, smart |
| പുഴ | puḻa | noun | river |
| നടുവ് | naṭuv | noun | middle, centre |
| വിദ്യാലയം | vidyālayam | noun | school |
| ശാന്തം | śāntam | adjective | calm, peaceful |
| മഴക്കാലം | maḻakkālam | noun | rainy season |
| ഒഴുക്ക് | oḻukku | noun | current, flow |
| കുത്തൊഴുക്ക് | kutttoḻukku | noun | strong/rapid current |
| നീന്തുക | nīntuka | verb | to swim |
| ആഗ്രഹം | āgraham | noun | desire, wish |
| വിലക്ക് | vilakku | noun | prohibition, warning |
| ആവേശം | āvēśam | noun | excitement, enthusiasm |
| ചുഴി | cuḻi | noun | whirlpool |
| നിയന്ത്രണം | niyantṛaṇam | noun | control |
| ഉപദേശം | upadeśam | noun | advice, counsel |
| രക്ഷ | rakṣa | noun | rescue, salvation |
| ആപത്ത് | āpattu | noun | danger, calamity |
| സഹായം | sahāyam | noun | help, assistance |
| കര | kara | noun | bank (of a river), shore |
| മരക്കൊമ്പ് | marakkompu | noun | tree branch |
| മുതിർന്നവർ | mutirnnavar | noun | elders, adults |
| അപകടം | apakaṭam | noun | danger, accident |
| നന്ദി | nandi | noun | gratitude, thanks |
