കഥകളിലൂടെ മലയാളം പഠിക്കുക
Original article: നാല് സഹോദരന്മാർ — StoryMalayalam.com
Section 1: Malayalam Story
നാല് സഹോദരന്മാർ — The Four Skillful Brothers
പണ്ടു പണ്ടൊരു രാജ്യത്ത് ഒരു ദരിദ്രനായ മുക്കുവൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് നാല് ആണ്മക്കളായിരുന്നു. ഒരു ദിവസം ഈ മുക്കുവൻ തന്റെ മക്കളെ അടുത്തു വിളിച്ചു. എന്നിട്ടു അവരോടായി ഇപ്രകാരം പറഞ്ഞു.
"മക്കളെ, ഞാൻ പ്രായമായി വരുകയാണ്. ഇനി പഴയത് പോലെ മീൻപിടിക്കാനൊന്നും പോകാൻ കഴിയില്ല. ഞാൻ നിങ്ങൾക്കായി ധനമൊന്നും കരുതിയും വച്ചിട്ടില്ല. അതുകൊണ്ട് നിങ്ങൾ നാലു പേരും ഇവിടെ നിന്നും മറ്റേതെങ്കിലും സ്ഥലങ്ങളിൽ പോയി എന്തെങ്കിലും തൊഴിൽ പഠിച്ചു അതിൽ നിന്നും സമ്പാദിച്ചു തിരിച്ചു വരണം."
അവർ നാലുപേരും പിതാവ് പറഞ്ഞത് അനുസരിക്കാമെന്നു അദ്ദേഹത്തിന് വാക്ക് കൊടുത്തു. പിറ്റേന്ന് തന്നെ അവർ അവിടെ നിന്നും തിരിച്ചു. അവർ നാലു പേരും നടന്നു നടന്നു ഒരു നാൽക്കവലയിൽ എത്തി. അപ്പോൾ മൂത്തസഹോദരൻ പറഞ്ഞു:
"സഹോദരന്മാരെ, നമുക്ക് പിരിയുവാൻ സമയമായി. നമുക്ക് നാലുപേർക്കും നാല് വഴികളിലായി പോകാം. എവിടെ പോയാലും എന്തു നേടിയാലും നാലു വർഷം ആകുമ്പോൾ ഈ കവലയിൽ നമുക്ക് കൂടിച്ചേരണം."
മറ്റു സഹോദരന്മാർ മൂത്ത സഹോദരൻ പറഞ്ഞതു സമ്മതിച്ചു. അങ്ങനെ അവർ നാലു വഴികളിലായി പിരിഞ്ഞു യാത്ര തുടർന്നു.
ആദ്യത്തെ സഹോദരൻ യാത്രക്കിടയിൽ ഒരു കള്ളനെ കണ്ടു. കള്ളൻ അവനെ മോഷണവിദ്യ പഠിപ്പിച്ചു. ആരും കാണാതെ, ഒരിക്കലും പിടിക്കപ്പെടാതെ രഹസ്യമായി മോഷ്ടിക്കാൻ അയാൾ അതിവിദഗ്ദ്ധനായി തീർന്നു.
രണ്ടാമത്തെ സഹോദരൻ വഴിയിൽ വച്ചു ഒരു ജ്യോതിശാസ്ത്രജ്ഞനെ കണ്ടുമുട്ടി. അയാൾ ജ്യോതിശാസ്ത്രം പഠിക്കാൻ തീരുമാനിച്ചു. അയാൾക്ക് ആ ജ്യോതിശാസ്ത്രജ്ഞൻ ഒരു ദൂരദർശിനി നൽകി. അതുവഴി ആ സഹോദരൻ നക്ഷത്രങ്ങളെയും ഭൂമിയിൽ വളരെ അകലെയുള്ള വസ്തുക്കളെയും യാതൊരു പ്രയാസവുമില്ലാതെ കണ്ടു.
മൂന്നാമത്തെ സഹോദരൻ തന്റെ യാത്രയിൽ കണ്ടുമുട്ടിയത് ഒരു നായാട്ടുകാരനെ ആയിരുന്നു. ആ നായാട്ടുകാരൻ അയാളെ വേട്ടയാടുന്നതിൽ നിപുണനാക്കി. മാത്രമല്ല ആ സഹോദരന് ഒരു തോക്കും നൽകി. വളരെ അകലെയുള്ള വസ്തുവിനെയും ലക്ഷ്യം തെറ്റാതെ വേട്ടയാടാൻ അത് അയാളെ സഹായിച്ചു.
നാലാമത്തെ സഹോദരൻ തന്റെ യാത്രക്കിടയിൽ കണ്ടുമുട്ടിയത് ഒരു തയ്യൽക്കാരനെ ആയിരുന്നു. അയാൾ ആ യുവാവിനെ തന്റെ കൂടെ കൂട്ടി. ഒരു സൂചിയും നൂലും കൊണ്ട് ലോകത്തിലെ ഏതൊരു വസ്തുവിനെയും തുന്നിച്ചേർക്കാവുന്ന വിദ്യ അവനു പറഞ്ഞു കൊടുത്തു. വളരെ കുറച്ചു ദിവസം കൊണ്ടു തന്നെ അവൻ തന്റെ കലയിൽ പ്രഗത്ഭനായി.
അങ്ങനെ നാലു വർഷങ്ങൾ കടന്നു പോയി. പറഞ്ഞതുപോലെ തന്നെ നാലുപേരും അവർ പിരിഞ്ഞ നാൽക്കവലയിൽ എത്തി. അധികം വൈകാതെ അവർ തങ്ങളുടെ വീട്ടിലേക്കു പുറപ്പെട്ടു. പിതാവ് തന്റെ പുത്രന്മാരെ കണ്ടതും വളരെയധികം സന്തോഷവാനായി. അദ്ദേഹം തന്റെ പുത്രന്മാരുടെ കഴിവുകൾ പരീക്ഷിക്കാൻ തീരുമാനിച്ചു.
ഒരു ദിവസം വൈകുന്നേരം ആ പിതാവും പുത്രന്മാരും മുറ്റത്തു ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു. പിതാവ് മരത്തിന്റെ മുകളിൽ ഒരു പക്ഷിക്കൂട് കണ്ടു. അദ്ദേഹം ജ്യോതിശാസ്ത്രജ്ഞനായ രണ്ടാമത്തെ മകനോട് പറഞ്ഞു: "നീ ആ പക്ഷിക്കൂട്ടിൽ എത്ര മുട്ടകൾ ഉണ്ടെന്നു പറയൂ." അവൻ തന്റെ ദൂരദർശിനിയിലൂടെ നോക്കി ഉത്തരം നൽകി: "പിതാവേ, ആ പക്ഷിക്കൂട്ടിൽ അഞ്ച് മുട്ടകളാണ് ഉള്ളത്."
തുടർന്ന് പിതാവ് മൂത്ത മകനോട് പക്ഷി അറിയാതെ മുട്ടകൾ എടുത്തു കൊണ്ടു വരാൻ പറഞ്ഞു. അവൻ നിമിഷ നേരം കൊണ്ട് അതു ചെയ്തു. പിതാവ് മുട്ടകൾ ഒരു മേശയിൽ വച്ചു, മൂന്നാമത്തെ മകനോട് ഒറ്റ വെടിയിൽ എല്ലാം പൊട്ടിക്കാൻ പറഞ്ഞു. അവൻ അതും ചെയ്തു. നാലാമത്തെ മകൻ തന്റെ സൂചിയും നൂലും കൊണ്ട് മുട്ടകളെയെല്ലാം തയ്ച്ചു പഴയതു പോലെ ആക്കി.
അക്കാലത്ത് ആ രാജ്യത്തിലെ രാജകുമാരിയെ ഒരു ഭൂതം തട്ടിക്കൊണ്ടുപോയി. രാജാവ് ഒരു വിളംബരം പുറപ്പെടുവിച്ചു: "ആരാണോ ഭൂതത്തിന്റെ കൈയിൽ നിന്നും രാജകുമാരിയെ രക്ഷപ്പെടുത്തുന്നത്, അയാൾക്ക് രാജകുമാരിയെ വിവാഹം ചെയ്തു കൊടുക്കും."
രണ്ടാമത്തെ സഹോദരൻ തന്റെ ദൂരദർശിനിയിലൂടെ നോക്കി രാജകുമാരി സമുദ്രത്തിന് നടുക്കുള്ള ഒരു പാറയിൽ ഉണ്ടെന്ന് കണ്ടെത്തി. രാജാവ് അവർക്ക് ഒരു കപ്പൽ നൽകി. കള്ളനായ മൂത്ത സഹോദരൻ ഭൂതം ഉറങ്ങുമ്പോൾ രാജകുമാരിയെ രക്ഷപ്പെടുത്തി. ഭൂതം ഉണർന്ന് കപ്പൽ ലക്ഷ്യമാക്കി പറന്നു. മൂന്നാമത്തെ സഹോദരൻ ഭൂതത്തെ വെടിവച്ചു വീഴ്ത്തി. പക്ഷേ ഭൂതം കപ്പലിൽ വീണ് കപ്പൽ തകർന്നു. നാലാമത്തെ സഹോദരൻ തന്റെ സൂചിയും നൂലും കൊണ്ട് കപ്പലിനെ തുന്നിച്ചേർത്തു എല്ലാവരെയും രക്ഷിച്ചു.
കൊട്ടാരത്തിൽ എത്തിയപ്പോൾ നാലു സഹോദരന്മാരും രാജകുമാരിയെ വിവാഹം കഴിക്കാൻ തർക്കിച്ചു. ഒടുവിൽ രാജാവ് പറഞ്ഞു: "നിങ്ങൾ നാലുപേർക്കും തുല്യ അവകാശമുണ്ട്. രാജകുമാരിയെ ആർക്കും വിവാഹം ചെയ്തു നൽകുന്നില്ല. പകരം നിങ്ങൾക്ക് നാലുപേർക്കുമായി നാലു ചെറു രാജ്യങ്ങൾ നൽകാം." സഹോദരങ്ങൾ ആ തീരുമാനത്തിൽ സന്തോഷിച്ചു, ശിഷ്ടകാലം സന്തോഷത്തോടെ കഴിഞ്ഞു.
Section 2: Sentence-by-Sentence Translation
| # | Malayalam (മലയാളം) | English Translation |
|---|---|---|
| 1 | പണ്ടു പണ്ടൊരു രാജ്യത്ത് ഒരു ദരിദ്രനായ മുക്കുവൻ ഉണ്ടായിരുന്നു. | Long, long ago in a kingdom there lived a poor fisherman. |
| 2 | അദ്ദേഹത്തിന് നാല് ആണ്മക്കളായിരുന്നു. | He had four sons. |
| 3 | "മക്കളെ, ഞാൻ പ്രായമായി വരുകയാണ്." | "My sons, I am growing old." |
| 4 | "നിങ്ങൾ നാലു പേരും എന്തെങ്കിലും തൊഴിൽ പഠിച്ചു തിരിച്ചു വരണം." | "All four of you must go, learn some trade, and return." |
| 5 | അവർ നാലു പേരും നടന്നു നടന്നു ഒരു നാൽക്കവലയിൽ എത്തി. | The four of them walked and walked and arrived at a crossroads. |
| 6 | "നാലു വർഷം ആകുമ്പോൾ ഈ കവലയിൽ നമുക്ക് കൂടിച്ചേരണം." | "After four years we must meet again at this crossroads." |
| 7 | ആദ്യത്തെ സഹോദരൻ ഒരു കള്ളനിൽ നിന്ന് മോഷണവിദ്യ പഠിച്ചു. | The first brother learned the art of stealing from a thief. |
| 8 | രണ്ടാമത്തെ സഹോദരൻ ഒരു ജ്യോതിശാസ്ത്രജ്ഞനെ കണ്ടുമുട്ടി. | The second brother met an astronomer. |
| 9 | ജ്യോതിശാസ്ത്രജ്ഞൻ അവന് ഒരു ദൂരദർശിനി നൽകി. | The astronomer gave him a telescope. |
| 10 | മൂന്നാമത്തെ സഹോദരൻ ഒരു നായാട്ടുകാരനിൽ നിന്ന് വേട്ടയാടാൻ പഠിച്ചു. | The third brother learned hunting from a hunter. |
| 11 | നാലാമത്തെ സഹോദരൻ ഒരു തയ്യൽക്കാരന്റെ കൂടെ കൂടി. | The fourth brother joined a tailor. |
| 12 | നാലു വർഷങ്ങൾ കടന്നു പോയി. | Four years passed by. |
| 13 | പിതാവ് പുത്രന്മാരുടെ കഴിവുകൾ പരീക്ഷിക്കാൻ തീരുമാനിച്ചു. | The father decided to test the skills of his sons. |
| 14 | "ആ പക്ഷിക്കൂട്ടിൽ അഞ്ച് മുട്ടകളാണ് ഉള്ളത്." | "There are five eggs in that bird's nest." |
| 15 | രാജകുമാരിയെ ഒരു ഭൂതം തട്ടിക്കൊണ്ടുപോയി. | A demon kidnapped the princess. |
| 16 | "രാജകുമാരിയെ രക്ഷിക്കുന്നവന് അവളെ വിവാഹം ചെയ്തു കൊടുക്കും." | "Whoever rescues the princess will be given her in marriage." |
| 17 | രാജകുമാരി സമുദ്രത്തിന് നടുക്കുള്ള ഒരു പാറയിലായിരുന്നു. | The princess was on a rock in the middle of the sea. |
| 18 | മൂന്നാമത്തെ സഹോദരൻ ഭൂതത്തെ വെടിവച്ചു വീഴ്ത്തി. | The third brother shot down the demon. |
| 19 | നാലാമത്തെ സഹോദരൻ കപ്പലിനെ തുന്നിച്ചേർത്തു എല്ലാവരെയും രക്ഷിച്ചു. | The fourth brother stitched the ship back together and saved everyone. |
| 20 | രാജാവ് അവർക്ക് നാലു ചെറു രാജ്യങ്ങൾ നൽകി. | The king gave them four small kingdoms. |
Section 3: Vocabulary
| Malayalam | Transliteration | Part of Speech | English Meaning |
|---|---|---|---|
| ദരിദ്രൻ | daridran | noun | poor person |
| മുക്കുവൻ | mukkuvan | noun | fisherman |
| മക്കൾ | makkal | noun | children / sons |
| പ്രായം | praayam | noun | age |
| തൊഴിൽ | thozhil | noun | job, trade, profession |
| സഹോദരൻ | sahodaran | noun | brother |
| നാൽക്കവല | naalkkavala | noun | four-way crossroads |
| പിരിയുക | piriyuka | verb | to separate, to part |
| കള്ളൻ | kallan | noun | thief |
| മോഷണം | moshanam | noun | theft, stealing |
| ജ്യോതിശാസ്ത്രജ്ഞൻ | jyothisaastrajnan | noun | astronomer |
| ദൂരദർശിനി | dooradarsini | noun | telescope |
| നക്ഷത്രം | nakshatram | noun | star |
| നായാട്ടുകാരൻ | naayaattukaaran | noun | hunter |
| തോക്ക് | thokku | noun | gun |
| തയ്യൽക്കാരൻ | thayyalkkaaran | noun | tailor |
| സൂചി | soochi | noun | needle |
| നൂൽ | nool | noun | thread |
| പക്ഷിക്കൂട് | pakshikkoodu | noun | bird's nest |
| മുട്ട | mutta | noun | egg |
| രാജകുമാരി | raajakumaari | noun | princess |
| ഭൂതം | bhootham | noun | demon, ghost |
| കപ്പൽ | kappal | noun | ship |
| സമുദ്രം | samudram | noun | sea, ocean |
| രക്ഷിക്കുക | rakshikkuka | verb | to save, to rescue |
| വിവാഹം | vivaaham | noun | marriage |
| വിളംബരം | vilambaram | noun | proclamation |
| അവകാശം | avakaasam | noun | right, claim |
