കഥകളിലൂടെ മലയാളം പഠിക്കുക
Original article: പാൽക്കാരിയുടെ സ്വപ്നം — StoryMalayalam.com
Section 1: Malayalam Story
പാൽക്കാരിയുടെ സ്വപ്നം — The Milkmaid's Dream

പണ്ട് പണ്ടൊരു ഗ്രാമത്തിൽ പാറു എന്നൊരു പെൺകുട്ടി ഉണ്ടായിരുന്നു. ദിവസവും പശുവിൽ നിന്ന് കിട്ടുന്ന പാൽ വിറ്റ് കിട്ടുന്ന ചെറിയ തുക കൊണ്ടാണ് അവൾ ജീവിച്ചിരുന്നത്. പൂന്തോട്ടത്തിൽ പാറി നടക്കുന്ന ഒരു പൂമ്പാറ്റയെപ്പോലെ എപ്പോഴും സന്തോഷവതിയായിരുന്നു പാറു. എന്നാൽ അണിയാൻ നല്ല വസ്ത്രങ്ങളൊന്നും അവളുടെ കൈവശം ഉണ്ടായിരുന്നില്ല. നിറം മങ്ങിയതും പലയിടത്തും തുന്നിച്ചേർത്തതുമായ വസ്ത്രങ്ങളാണ് അവൾ പതിവായി ധരിച്ചിരുന്നത്.
ഗ്രാമത്തിലെ മറ്റു കുട്ടികൾ നല്ല പട്ടുടുപ്പുകളും തിളങ്ങുന്ന ആഭരണങ്ങളും അണിഞ്ഞ് നടക്കുന്നത് കാണുമ്പോൾ പാറുവിന്റെ ഉള്ളിലും ചെറിയൊരു സങ്കടം തോന്നുമായിരുന്നു. എങ്കിലും, എന്നെങ്കിലും തനിക്കും ഇതുപോലെ മനോഹരമായ ഒരു പട്ടുടുപ്പ് അണിയാൻ കഴിയുമെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസമാണ് ഓരോ ദിവസവും സന്തോഷത്തോടെ ജോലി ചെയ്യാൻ അവൾക്ക് കരുത്ത് നൽകിയത്.
പതിവുപോലെ ഒരു ദിവസം രാവിലെ, പാൽ നിറച്ച ഒരു വലിയ മൺകുടവുമായി പാറു ചന്തയിലേക്ക് പുറപ്പെട്ടു. കുടം തലയിൽ വെച്ച് നടക്കുമ്പോൾ പാൽ ഒട്ടും പുറത്തു പോകാതിരിക്കാൻ അവൾ ഓരോ ചുവടും വളരെ സൂക്ഷിച്ചാണ് വച്ചത്. "പതുക്കെ… പതുക്കെ…" എന്ന് അവൾ ഇടയ്ക്കിടെ മനസ്സിനോട് മന്ത്രിച്ചു കൊണ്ടിരുന്നു. നല്ല ശുദ്ധമായ പാലായതു കൊണ്ട് ചന്തയിൽ കൊണ്ടു പോയാൽ മികച്ച വില കിട്ടുമെന്ന് അവൾക്കറിയാമായിരുന്നു.
അതുകൊണ്ടു തന്നെ വലിയ സന്തോഷത്തോടും പ്രതീക്ഷയോടും കൂടിയാണ് പാറു തന്റെ യാത്ര തുടർന്നത്. പക്ഷേ, കുറച്ചുദൂരം നടന്നപ്പോഴേക്കും പാറുവിന്റെ മനസ്സിലേക്ക് ഓരോരോ ചിന്തകൾ ഓടിക്കയറാൻ തുടങ്ങി.
"ഹായ്… ഈ പാൽ ചന്തയിൽ വിറ്റാൽ എനിക്ക് നല്ല കാശ് കിട്ടും." അവൾ പതുക്കെ പറഞ്ഞു. പിന്നെ അവൾ ഓരോന്നോരോന്നായി സങ്കൽപ്പിക്കാൻ തുടങ്ങി.
"ആ പണം കൊണ്ട് ഞാൻ കുറേ കോഴിമുട്ടകൾ വാങ്ങും. എന്നിട്ട് ആ മുട്ടകൾ അടവയ്ക്കും. കുറച്ചു ദിവസം കഴിഞ്ഞാൽ മുട്ടത്തോട് പൊട്ടി നല്ല പഞ്ഞി പോലത്തെ കൊച്ചു കോഴിക്കുഞ്ഞുങ്ങൾ പുറത്തു വരും!"
അവൾ ആവേശത്തോടെ ഓർത്തു. പാറുവിന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം മിന്നിമറഞ്ഞു. ആ കോഴിക്കുഞ്ഞുങ്ങൾ തന്റെ പിന്നാലെ "കിയോം… കിയോം…" എന്ന് കരഞ്ഞ് ഓടി നടക്കുന്നത് അവൾ കൊതിയോടെ സങ്കൽപ്പിച്ചു. അതോർക്കുമ്പോൾ തന്നെ അവളുടെ ഉള്ളിൽ സന്തോഷം നിറഞ്ഞു.
അവൾ തന്റെ സ്വപ്നങ്ങളിൽ വീണ്ടും മുഴുകി. "ഞാൻ ആ കുഞ്ഞുങ്ങൾക്ക് നല്ല തീറ്റ നൽകി വലിയ കോഴികളാക്കി വളർത്തും. പിന്നെ അവയെയെല്ലാം വലിയ വിലയ്ക്ക് ചന്തയിൽ വിൽക്കും. അപ്പോൾ എന്റെ കയ്യിൽ ഒരുപാട് പണം വന്നുചേരും!"
ഇതൊക്കെ ആലോചിച്ചപ്പോൾ പാറുവിന്റെ നടത്തത്തിന് ഒരു പ്രത്യേക വേഗത വന്നു. അവളുടെ മനസ്സ് അപ്പോഴും സ്വപ്ന ലോകത്തു തന്നെയായിരുന്നു.
"ആ പണം കൊണ്ട് ഞാൻ നല്ല പട്ടുനൂലുകൾ കൊണ്ട് തുന്നിയ തിളങ്ങുന്ന ഒരു ഉടുപ്പ് വാങ്ങും. അതും അണിഞ്ഞ് ഞാൻ ഗ്രാമത്തിലെ ഉത്സവത്തിന് പോകും. അപ്പോൾ നാട്ടുകാരെല്ലാം അതിശയത്തോടെ എന്നെ നോക്കി പറയും, നോക്കൂ, പാറുവിനെ കാണാൻ ശരിക്കും ഒരു രാജകുമാരിയെപ്പോലെയുണ്ട്!"
ഇതാലോചിച്ചപ്പോൾ പാറുവിന് വലിയ അഭിമാനം തോന്നി. ആ സ്വപ്നങ്ങളിൽ മുഴുകി അവൾ തന്നെത്താൻ മറന്നുപോയി. ചന്തയിലേക്ക് പോകുകയാണെന്നോ, തലയിൽ പാൽക്കുടമുണ്ടെന്നോ ഉള്ള കാര്യം പാറു അപ്പാടെ മറന്നു. ചുറ്റുമുള്ളതൊക്കെ മറന്ന് അവൾ ആവേശത്തോടെ തലയൊന്ന് വെട്ടിച്ചു.
"ഠിം…!" അയ്യോ! ഒരു നിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു! തലയിലുണ്ടായിരുന്ന കുടം ചരിഞ്ഞ് നിലത്തേക്ക് വീണ് ചിന്നിച്ചിതറി. പാല് മുഴുവൻ വെളുത്ത നദി പോലെ മണ്ണിൽ ഒഴുകിപ്പരന്നു.
പാറു ഞെട്ടിപ്പോയി. അവളുടെ മുഖത്തെ സന്തോഷമെല്ലാം പെട്ടെന്ന് മാഞ്ഞു. എന്താണ് സംഭവിച്ചത് വിശ്വസിക്കാനാവാതെ അവൾ അമ്പരന്നു നിന്നു. ആ മണ്ണിൽ ഒഴുകിപ്പരന്നത് വെറും പാലല്ലായിരുന്നു, അവളുടെ വലിയ സ്വപ്നങ്ങളായിരുന്നു.
"എന്റെ വലിയ അബദ്ധം!" അവൾ സങ്കടത്തോടെ പറഞ്ഞു. "മുട്ട വിരിയുന്നതിന് മുൻപേ ഞാൻ കോഴിക്കുഞ്ഞുങ്ങളെ എണ്ണാൻ പാടില്ലായിരുന്നു. എന്റെ കോഴികളും പട്ടുടുപ്പും എല്ലാം നഷ്ടമായി."
അല്പം മുൻപ് കണ്ട ആ മനോഹരമായ സ്വപ്നങ്ങളെല്ലാം പാലുപോലെ ഒലിച്ചുപോയല്ലോ എന്നോർത്തപ്പോൾ അവൾക്ക് കരച്ചിൽ വന്നു. "സാരമില്ല, ഇനി മുതൽ ഞാൻ കൂടുതൽ ശ്രദ്ധയോടെ ജോലി ചെയ്യും." അവൾ മനസ്സിൽ ഉറപ്പിച്ചു. സ്വപ്നങ്ങൾ കാണുന്നത് നല്ലതാണ്, പക്ഷേ ചെയ്യുന്ന ജോലിയിൽ എപ്പോഴും ശ്രദ്ധ വേണം എന്ന വലിയ പാഠം അന്ന് പാറു പഠിച്ചു. ഒടുവിൽ, നിറഞ്ഞ കണ്ണുകളോടെ ആ ഒഴിഞ്ഞ കൈകളുമായി പാറു പതുക്കെ വീട്ടിലേക്ക് നടന്നു.
ഗുണപാഠം: വലിയ സ്വപ്നങ്ങൾ കാണുമ്പോഴും ചെയ്യുന്ന ജോലിയിൽ ശ്രദ്ധിക്കാൻ മറക്കരുത്; എങ്കിൽ മാത്രമേ നമുക്ക് വിജയത്തിലെത്താൻ കഴിയൂ.
Section 2: Sentence-by-Sentence Translation
| # | Malayalam (മലയാളം) | English Translation |
|---|---|---|
| 1 | പണ്ട് പണ്ടൊരു ഗ്രാമത്തിൽ പാറു എന്നൊരു പെൺകുട്ടി ഉണ്ടായിരുന്നു. | Long, long ago, in a village, there lived a girl named Paaru. |
| 2 | ദിവസവും പശുവിൽ നിന്ന് കിട്ടുന്ന പാൽ വിറ്റ് കിട്ടുന്ന ചെറിയ തുക കൊണ്ടാണ് അവൾ ജീവിച്ചിരുന്നത്. | She lived on the small amount of money she earned each day by selling the milk she got from her cow. |
| 3 | പൂന്തോട്ടത്തിൽ പാറി നടക്കുന്ന ഒരു പൂമ്പാറ്റയെപ്പോലെ എപ്പോഴും സന്തോഷവതിയായിരുന്നു പാറു. | Paaru was always as cheerful as a butterfly fluttering about in a flower garden. |
| 4 | എന്നാൽ അണിയാൻ നല്ല വസ്ത്രങ്ങളൊന്നും അവളുടെ കൈവശം ഉണ്ടായിരുന്നില്ല. | However, she did not have any good clothes to wear. |
| 5 | ഗ്രാമത്തിലെ മറ്റു കുട്ടികൾ നല്ല പട്ടുടുപ്പുകളും തിളങ്ങുന്ന ആഭരണങ്ങളും അണിഞ്ഞ് നടക്കുന്നത് കാണുമ്പോൾ പാറുവിന്റെ ഉള്ളിലും ചെറിയൊരു സങ്കടം തോന്നുമായിരുന്നു. | When she saw the other children of the village walking about in fine silk dresses and shining ornaments, Paaru would also feel a little sad inside. |
| 6 | എന്നെങ്കിലും തനിക്കും ഇതുപോലെ മനോഹരമായ ഒരു പട്ടുടുപ്പ് അണിയാൻ കഴിയുമെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. | Still, she firmly believed that one day she too would be able to wear a beautiful silk dress like that. |
| 7 | പതിവുപോലെ ഒരു ദിവസം രാവിലെ, പാൽ നിറച്ച ഒരു വലിയ മൺകുടവുമായി പാറു ചന്തയിലേക്ക് പുറപ്പെട്ടു. | As usual, one morning, Paaru set off for the market with a big earthen pot filled with milk. |
| 8 | കുടം തലയിൽ വെച്ച് നടക്കുമ്പോൾ പാൽ ഒട്ടും പുറത്തു പോകാതിരിക്കാൻ അവൾ ഓരോ ചുവടും വളരെ സൂക്ഷിച്ചാണ് വച്ചത്. | Carrying the pot on her head, she placed every step very carefully so that not a drop of milk would spill out. |
| 9 | "ഹായ്… ഈ പാൽ ചന്തയിൽ വിറ്റാൽ എനിക്ക് നല്ല കാശ് കിട്ടും." | "Oh! If I sell this milk at the market, I will get good money." |
| 10 | "ആ പണം കൊണ്ട് ഞാൻ കുറേ കോഴിമുട്ടകൾ വാങ്ങും." | "With that money, I will buy many hen's eggs." |
| 11 | "കുറച്ചു ദിവസം കഴിഞ്ഞാൽ മുട്ടത്തോട് പൊട്ടി നല്ല പഞ്ഞി പോലത്തെ കൊച്ചു കോഴിക്കുഞ്ഞുങ്ങൾ പുറത്തു വരും!" | "After a few days, the shells will break open and little chicks, soft as cotton, will come out!" |
| 12 | "ഞാൻ ആ കുഞ്ഞുങ്ങൾക്ക് നല്ല തീറ്റ നൽകി വലിയ കോഴികളാക്കി വളർത്തും." | "I will feed those chicks well and raise them into big hens." |
| 13 | "പിന്നെ അവയെയെല്ലാം വലിയ വിലയ്ക്ക് ചന്തയിൽ വിൽക്കും." | "Then I will sell them all at the market for a high price." |
| 14 | "ആ പണം കൊണ്ട് ഞാൻ നല്ല പട്ടുനൂലുകൾ കൊണ്ട് തുന്നിയ തിളങ്ങുന്ന ഒരു ഉടുപ്പ് വാങ്ങും." | "With that money, I will buy a shining dress stitched from fine silk threads." |
| 15 | "നോക്കൂ, പാറുവിനെ കാണാൻ ശരിക്കും ഒരു രാജകുമാരിയെപ്പോലെയുണ്ട്!" | "Look, Paaru really looks just like a princess!" |
| 16 | ആ സ്വപ്നങ്ങളിൽ മുഴുകി അവൾ തന്നെത്താൻ മറന്നുപോയി. | Lost in those dreams, she forgot herself entirely. |
| 17 | ചുറ്റുമുള്ളതൊക്കെ മറന്ന് അവൾ ആവേശത്തോടെ തലയൊന്ന് വെട്ടിച്ചു. | Forgetting all that was around her, she excitedly tossed her head. |
| 18 | തലയിലുണ്ടായിരുന്ന കുടം ചരിഞ്ഞ് നിലത്തേക്ക് വീണ് ചിന്നിച്ചിതറി. | The pot on her head tilted, fell to the ground, and shattered into pieces. |
| 19 | പാല് മുഴുവൻ വെളുത്ത നദി പോലെ മണ്ണിൽ ഒഴുകിപ്പരന്നു. | All the milk flowed and spread over the earth like a white river. |
| 20 | "മുട്ട വിരിയുന്നതിന് മുൻപേ ഞാൻ കോഴിക്കുഞ്ഞുങ്ങളെ എണ്ണാൻ പാടില്ലായിരുന്നു." | "I should not have counted the chicks before the eggs hatched." |
| 21 | സ്വപ്നങ്ങൾ കാണുന്നത് നല്ലതാണ്, പക്ഷേ ചെയ്യുന്ന ജോലിയിൽ എപ്പോഴും ശ്രദ്ധ വേണം എന്ന വലിയ പാഠം അന്ന് പാറു പഠിച്ചു. | Paaru learned that day the great lesson that dreaming is good, but one must always pay attention to the work at hand. |
| 22 | വലിയ സ്വപ്നങ്ങൾ കാണുമ്പോഴും ചെയ്യുന്ന ജോലിയിൽ ശ്രദ്ധിക്കാൻ മറക്കരുത്; എങ്കിൽ മാത്രമേ നമുക്ക് വിജയത്തിലെത്താൻ കഴിയൂ. | Even while dreaming big dreams, do not forget to pay attention to the work you are doing; only then can we reach success. |
Section 3: Vocabulary
| Malayalam | Transliteration | Part of Speech | English Meaning |
|---|---|---|---|
| ഗ്രാമം | grāmam | noun | village |
| പെൺകുട്ടി | peṇkuṭṭi | noun | girl |
| പശു | paśu | noun | cow |
| പാൽ | pāl | noun | milk |
| ചന്ത | canta | noun | market |
| കുടം | kuṭam | noun | pot |
| മൺകുടം | maṇkuṭam | noun | earthen pot |
| വസ്ത്രം | vastram | noun | clothing, garment |
| പട്ടുടുപ്പ് | paṭṭuṭuppu | noun | silk dress |
| ആഭരണം | ābharaṇam | noun | ornament, jewellery |
| സ്വപ്നം | svapnam | noun | dream |
| കോഴി | kōḻi | noun | hen, chicken |
| മുട്ട | muṭṭa | noun | egg |
| കുഞ്ഞ് | kuñju | noun | little one, chick |
| പണം | paṇam | noun | money |
| രാജകുമാരി | rājakumāri | noun | princess |
| ഉത്സവം | utsavam | noun | festival |
| ഗുണപാഠം | guṇapāṭham | noun | moral (of a story) |
| വിശ്വസിക്കുക | viśvasikkuka | verb | to believe |
| വിൽക്കുക | vilkkuka | verb | to sell |
| വാങ്ങുക | vāṅṅuka | verb | to buy |
| സങ്കൽപ്പിക്കുക | saṅkalpikkuka | verb | to imagine |
| മറക്കുക | maṟakkuka | verb | to forget |
| പഠിക്കുക | paṭhikkuka | verb | to learn |
| സന്തോഷം | santōṣam | noun | happiness |
| ശ്രദ്ധ | śraddha | noun | attention, care |
