വികൃതിക്കുട്ടനായ നെയ്യപ്പം — The Mischievous Neyyappam

കഥകളിലൂടെ മലയാളം പഠിക്കുക

Original article: വികൃതിക്കുട്ടനായ നെയ്യപ്പം — StoryMalayalam.com


Section 1: Malayalam Story

വികൃതിക്കുട്ടനായ നെയ്യപ്പം — The Mischievous Neyyappam

പണ്ട് പണ്ടൊരു കുഞ്ഞു ഗ്രാമത്തിൽ ഒരു മുത്തശ്ശി ഉണ്ടായിരുന്നു. ഒരു ദിവസം മുത്തശ്ശിക്ക് മധുരമൂറുന്ന നെയ്യപ്പം ഉണ്ടാക്കാൻ ഒരു വലിയ ആശ തോന്നി. മുത്തശ്ശി അരി നന്നായി പൊടിച്ചെടുത്തു. അതിലേക്ക് സ്വർണ്ണനിറമുള്ള ശർക്കരപ്പാനി ഒഴിച്ചു. മണത്തിനായി ഏലക്കയും സ്വാദിനായി ധാരാളം നെയ്യും ചേർത്തു. എന്നിട്ട് പതുക്കെ കൈകൊണ്ട് മാവ് കുഴച്ചെടുത്തു. മുത്തശ്ശി മാവ് കുഴച്ചപ്പോഴേക്കും ആ വീടു മുഴുവൻ നെയ്യപ്പത്തിന്റെ കൊതിപ്പിക്കുന്ന മണം പടർന്നു.

കുറച്ചു സമയത്തിനുശേഷം മുത്തശ്ശി അടുപ്പത്ത് ഒരു ചട്ടി വെച്ച് അതിൽ നിറയെ എണ്ണ ഒഴിച്ചു. എണ്ണ ചൂടായി 'തിള തിള' എന്ന് തിളയ്ക്കാൻ തുടങ്ങി. അപ്പോൾ മുത്തശ്ശി ഒരു വലിയ തവിയിൽ മാവ് കോരി 'ശ്ശ്ശ്ശ്ശ്…' എന്ന് എണ്ണയിലേക്ക് ഒറ്റ ഒഴിക്കൽ! നെയ്യപ്പം എണ്ണയിൽ കിടന്ന് നീന്താൻ തുടങ്ങി. പാകമായപ്പോൾ മുത്തശ്ശി അതിനെ എണ്ണയിൽ നിന്നും കോരിയെടുത്തു. നല്ല ചൂടുള്ള, മധുരമുള്ള, മൊരിഞ്ഞ നെയ്യപ്പം!

എന്നാൽ മുത്തശ്ശിയെ ഞെട്ടിച്ചുകൊണ്ട്, ചട്ടിയിൽ നിന്ന് കോരിയ നെയ്യപ്പക്കുട്ടൻ അതാ ടപ്പേ എന്ന് നിലത്തേക്ക് ഒരൊറ്റ ചാട്ടം. എന്നിട്ട് അടുക്കളവാതിൽ വഴി അവൻ പുറത്തേക്ക് ഓടി. "നിൽക്കടാ അവിടെ!" എന്നും പറഞ്ഞ് മുത്തശ്ശി പാവം ആ നെയ്യപ്പത്തിന്റെ പുറകേ ഓടി.

പക്ഷേ, നമ്മുടെ നെയ്യപ്പക്കുട്ടൻ അതാ തിരിഞ്ഞുനിന്ന് ഒരു കൊഞ്ഞനം കുത്തി ഇങ്ങനെ പാടി:

"ഓടിക്കോ മുത്തശ്ശീ… വേഗം ഓടിക്കോ!
എന്നെ പിടിക്കാൻ മുത്തശ്ശിക്കാവില്ല.
ഞാനല്ലേ മിടുക്കൻ നെയ്യപ്പക്കുട്ടൻ!"

പറമ്പിൽ പണിയെടുക്കുകയായിരുന്ന മുത്തശ്ശൻ ഈ കാഴ്ച കണ്ട് അന്തംവിട്ടു നിന്നു. നെയ്യപ്പത്തിന്റെ മണവും ഓട്ടവും കണ്ടപ്പോൾ മുത്തശ്ശന്റെ വായിൽ വെള്ളം നിറഞ്ഞു! മുത്തശ്ശനും തോളിലെ തോർത്തുമെടുത്ത് മുത്തശ്ശിയുടെയും നെയ്യപ്പത്തിന്റെയും പിന്നാലെ ഓടാൻ തുടങ്ങി.

നെയ്യപ്പത്തിന്റെ മധുരമണം അടിച്ചതും പറമ്പിൽ പുല്ലു തിന്നുകൊണ്ടിരുന്ന പൂവാലി പശുവും വാലുയർത്തി പിന്നാലെ കൂടി. വഴിയരികിൽ നിന്ന കോഴിയമ്മയും ചിറകും വിരിച്ച് നെയ്യപ്പക്കുട്ടന്റെ പുറകെ ഒരൊറ്റ ഓട്ടം.

ഓടി ഓടി വിരുതൻ നെയ്യപ്പക്കുട്ടൻ ഒടുവിൽ ഒരു വലിയ പുഴയുടെ കരയിലെത്തി. പുഴ കണ്ടതും നെയ്യപ്പക്കുട്ടൻ അവിടെത്തന്നെ വിറങ്ങലിച്ചു നിന്നുപോയി. "അയ്യോ, വെള്ളം! ഇതിലിറങ്ങിയാൽ എന്റെ മൊരിപ്പൊക്കെ പോയി ഞാൻ വെറുമൊരു മാവായി മാറുമല്ലോ!" അവൻ പേടിയോടെ ആത്മഗതം ചെയ്തു.

അപ്പോഴാണ് കുറ്റിച്ചെടിയുടെ പിന്നിൽ നിന്നും കൗശലക്കാരൻ കുറുക്കൻ വന്നത്. "പേടിക്കണ്ട നെയ്യപ്പക്കുട്ടാ, നീ പതുക്കെ എന്റെ മുതുകത്ത് കയറിയിരുന്നോ. ഞാൻ നിന്നെ സുരക്ഷിതമായി അക്കരെയെത്തിക്കാം." പാവം നെയ്യപ്പക്കുട്ടൻ ആ കൗശലക്കാരനെ വിശ്വസിച്ചു.

കുറച്ചു ദൂരം ചെന്നപ്പോൾ കുറുക്കൻ പറഞ്ഞു: "നീ വേഗം എന്റെ തലയിലേക്ക് കയറിയിരിക്കൂ, ഇല്ലെങ്കിൽ നനഞ്ഞുപോകും." പുഴയുടെ നടുവിലെത്തിയപ്പോൾ കുറുക്കൻ വീണ്ടും പറഞ്ഞു: "വേഗം എന്റെ മൂക്കിന്റെ തുമ്പത്തേക്ക് കയറിയിരുന്നോ!" നെയ്യപ്പക്കുട്ടൻ വേഗം കുറുക്കന്റെ മൂക്കിന്റെ തുമ്പത്തേക്ക് ചാടിക്കയറി.

എന്നിട്ട് കുറുക്കൻ തന്റെ വായ ഒരു വലിയ ഗുഹ പോലെ തുറന്നു… 'ടപ്പേ…!' ഒരൊറ്റ വിഴുങ്ങൽ! മുത്തശ്ശിയെയും മുത്തശ്ശനെയും പശുവിനെയും കോഴിയമ്മയെയും തോൽപ്പിച്ച വിരുതൻ നെയ്യപ്പക്കുട്ടൻ ഒടുവിൽ കുറുക്കന്റെ വയറ്റിലായി. വിരുതൻ കുറുക്കൻ തന്റെ വയറും തടവി 'ഹമ്പടാ… നല്ല ഒന്നാന്തരം നെയ്യപ്പം!' എന്ന് സന്തോഷത്തോടെ പറഞ്ഞ് കാട്ടിലേക്ക് ഓടിപ്പോയി.

Moral: Overconfidence and misplaced trust can lead to one's downfall.


Section 2: Sentence-by-Sentence Translation

#Malayalam (മലയാളം)English Translation
1പണ്ട് പണ്ടൊരു കുഞ്ഞു ഗ്രാമത്തിൽ ഒരു മുത്തശ്ശി ഉണ്ടായിരുന്നു.Long, long ago, in a small village, there lived an old grandmother.
2ഒരു ദിവസം മുത്തശ്ശിക്ക് മധുരമൂറുന്ന നെയ്യപ്പം ഉണ്ടാക്കാൻ ഒരു വലിയ ആശ തോന്നി.One day, grandmother had a great desire to make sweet neyyappam.
3മുത്തശ്ശി അരി നന്നായി പൊടിച്ചെടുത്തു.The grandmother ground the rice well.
4അതിലേക്ക് സ്വർണ്ണനിറമുള്ള ശർക്കരപ്പാനി ഒഴിച്ചു.She poured golden jaggery syrup into it.
5മണത്തിനായി ഏലക്കയും സ്വാദിനായി ധാരാളം നെയ്യും ചേർത്തു.She added cardamom for fragrance and plenty of ghee for taste.
6ആ വീടു മുഴുവൻ നെയ്യപ്പത്തിന്റെ കൊതിപ്പിക്കുന്ന മണം പടർന്നു.The tempting smell of neyyappam spread throughout the house.
7എണ്ണ ചൂടായി 'തിള തിള' എന്ന് തിളയ്ക്കാൻ തുടങ്ങി.The oil heated up and began to boil, going 'thila thila'.
8നല്ല ചൂടുള്ള, മധുരമുള്ള, മൊരിഞ്ഞ നെയ്യപ്പം!A nice hot, sweet, crispy neyyappam!
9ചട്ടിയിൽ നിന്ന് കോരിയ നെയ്യപ്പക്കുട്ടൻ നിലത്തേക്ക് ഒരൊറ്റ ചാട്ടം.The little neyyappam scooped from the pot leapt straight to the ground.
10"നിൽക്കടാ അവിടെ!" എന്നും പറഞ്ഞ് മുത്തശ്ശി ഓടി."Stop right there!" said the grandmother and ran after it.
11ഞാനല്ലേ മിടുക്കൻ നെയ്യപ്പക്കുട്ടൻ!Am I not the clever little neyyappam boy!
12മുത്തശ്ശന്റെ വായിൽ വെള്ളം നിറഞ്ഞു.Grandfather's mouth filled with water (he drooled).
13പൂവാലി പശുവും വാലുയർത്തി പിന്നാലെ കൂടി.The Poovali cow also raised its tail and joined the chase.
14കോഴിയമ്മയും ചിറകും വിരിച്ച് പുറകെ ഓടി.The mother hen spread her wings and ran after it.
15നെയ്യപ്പക്കുട്ടൻ ഒടുവിൽ ഒരു വലിയ പുഴയുടെ കരയിലെത്തി.At last, the little neyyappam reached the bank of a big river.
16"അയ്യോ, വെള്ളം! ഞാൻ വെറുമൊരു മാവായി മാറുമല്ലോ!""Oh no, water! I will turn into mere dough!"
17കൗശലക്കാരൻ കുറുക്കൻ വന്നു.The cunning fox came.
18"പേടിക്കണ്ട, എന്റെ മുതുകത്ത് കയറിയിരുന്നോ.""Don't be afraid, climb on my back."
19പാവം നെയ്യപ്പക്കുട്ടൻ ആ കൗശലക്കാരനെ വിശ്വസിച്ചു.The poor little neyyappam trusted that cunning one.
20കുറുക്കൻ തന്റെ വായ തുറന്ന് 'ടപ്പേ…!' ഒരൊറ്റ വിഴുങ്ങൽ!The fox opened its mouth and 'gulp!' — one single swallow!

Section 3: Vocabulary

MalayalamTransliterationPart of SpeechEnglish Meaning
മുത്തശ്ശിmuthashinoungrandmother
മുത്തശ്ശൻmuthashannoungrandfather
ഗ്രാമംgraamamnounvillage
നെയ്യപ്പംneyyappamnouna sweet fried rice cake
മധുരംmadhuramadjectivesweet
അരിarinounrice
ശർക്കരsharkkaranounjaggery
ഏലക്കelakkanouncardamom
നെയ്യ്neyynounghee
മാവ്maavunoundough / batter
എണ്ണennanounoil
ചട്ടിchattinounpot / pan
ചൂട്choodunoun / adjheat / hot
മണംmanamnounsmell / fragrance
ഓടുകodukaverbto run
പിടിക്കുകpidikkukaverbto catch
ചാടുകchadukaverbto jump
മിടുക്കൻmidukkanadjectiveclever (masc.)
പശുpashunouncow
കോഴിkozhinounhen / chicken
പുഴpuzhanounriver
വെള്ളംvellamnounwater
കുറുക്കൻkurukkannounfox
കൗശലംkausalamnouncunning / trickery
വിശ്വസിക്കുകvishwasikkukaverbto trust / to believe

Copyright © 2026 LangFastPro - All rights reserved